എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണ ശ്രമം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഏഴോളം പേര്‍ സംഘം ചേര്‍ന്ന് എത്തി ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
രണ്ടുമണിയോടെ ഏഴോളം പേരടങ്ങുന്ന സംഘം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ വന്ന് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ എന്തിനാണ് പുറത്ത് സംഘം ചേര്‍ന്ന് നില്‍ക്കുന്നതെന്ന് ചോദിച്ചു. ഇതില്‍ പ്രകോപിതരായ സംഘം അവരെ ആക്രമിക്കുകയായിരുന്നു.
തമ്പാനൂര്‍ പൊലീസ് ഈ സമയം സ്ഥലത്തെത്തി. പൊലീസ് വരുന്നത് കണ്ട സംഘാംഗങ്ങള്‍ ചിതറിയോടുകയായിരുന്നു. ആ സമയത്ത് സ്ഥലത്ത് തടിച്ചുകൂടിയവരില്‍ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവരെ പിന്നീട് വിട്ടയച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസിന് പരാതിയും ലഭിച്ചിട്ടില്ല.