
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. രാഹുലിന്‍റെ വീട്ടിലേക്ക് കെഎസ്ആര്‍ടിസി ബസിൽ കോഴിയെ കൊടുത്ത് വിട്ടാണ് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചത്. തുണിക്കടയിലെ സ്ത്രീ ബൊമ്മകൾ പോലും രാഹുലിനെ കണ്ട് തലതാഴ്ത്തിയെന്ന് പ്രതിഷേധ യോഗത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. രാഹുലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുമെന്നും നേതാക്കൾ പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് രാഷ്ട്രീയ യുവജന സംഘടനകള്‍ നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. രാഹുലിന്‍റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ഡിവൈഎഫ്ഐയും പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്‍റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്.