'പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരും'; ആ‍ർച്ച് ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ





കണ്ണൂര്‍: തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററാണ് നിയോ മുളളർ. പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോൾ നിയോ മുള്ളറെ പിടിച്ച് ജയിലിലിട്ടു.

ഏതാണ്ട് അഞ്ചുവര്‍ഷക്കാലത്തോളം നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലിൽ കിടക്കേണ്ടിവന്നു. അപ്പോഴാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ മുള്ളർക്ക് ഹിറ്റ്ലര്‍ നല്ലവനായിരുന്നു. ഏതാണ്ട് പാംപ്ലാനി പിതാവ് എല്ലാം നിയോ മുള്ളറുടെ അവസ്ഥയിലേക്ക് വരും എന്നതിൽ തർക്കമില്ല. വി കെ സനോജ് പറഞ്ഞു.

ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിന് കുഴലൂത്തു നടത്തുകയാണ്. കേക്കുമായിട്ട് ആർഎസ്എസ് ശാഖകളിലേക്ക് കടന്നു വരുന്ന ആളുകൾ, കേക്കുമായിട്ട് പള്ളിയുടെ അരമനയിലേക്ക് കടന്നുപോകുന്നവർ പരസ്പരം പരവതാനി വിരിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു. ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്ന തെന്നും വികെ സനോജ് ചോദിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്ലാംപ്ലാനി നേരത്തെ പലവിഷയങ്ങളിലും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നുമായിരുന്നു ആ‍ർച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചിരുന്നത്.
أحدث أقدم