ഇപ്പോള്‍ ഗോവയിലുള്ള ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ച ഫയല്‍ പരിശോധിക്കും. രാജ്ഭവനും സര്‍ക്കാരും തമ്മിലെ പോര് കൂടുതല്‍ ശക്തമാക്കുന്നതാകും ഈ തീരുമാനങ്ങള്‍. യുജിസിയുടെ 2025-ലെ കരട് ചട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കേണ്ടത് ഗവര്‍ണറാണെന്നാണ് വ്യവസ്ഥ. കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റി, ചാന്‍സലര്‍, യുജിസി പ്രതിനിധികളും വേണം. ഇത് പ്രാബല്യത്തില്‍വരുംമുന്‍പ് ഡിജിറ്റല്‍ സര്‍വകലാശാലാ വിസി നിയമനത്തില്‍ പിടിമുറുക്കാനാണ് സര്‍ക്കാര്‍ നീക്കം.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലാ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധനെ ഉള്‍പ്പെടുത്താന്‍ കരട് ഓര്‍ഡിനന്‍സില്‍ ശിപാര്‍ശ ചെയ്യുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒറ്റപ്പേര് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കാന്‍ പാടില്ലെന്നും വിവിധ ഘട്ടങ്ങളിലെ കോടതി വിധികളിലുണ്ട്.
എന്നാല്‍, ഇപ്പോഴത്തെ ശിപാര്‍ശയില്‍ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഒറ്റപ്പേര് ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാമെന്നും വ്യക്തമാക്കുന്നു. ഇതെല്ലാം സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനിരിക്കേ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശയും അംഗീകരിക്കില്ല. ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഡോ. സിസാ തോമസിനെ ഒഴിവാക്കാനാണ് തിടുക്കപ്പെട്ട സര്‍ക്കാരിന്റെ നടപടികളെന്നും വിമര്‍ശനമുയരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് വെള്ളിയാഴ്ച രാജ്ഭവനില്‍ പ്രത്യേക ദൂതന്‍ വഴി എത്തിക്കുകയായിരുന്നു. അഞ്ചംഗങ്ങളുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറായ ഗവര്‍ണറുടെ പ്രതിനിധിയെ ഒഴിവാക്കിയതും രാജ്ഭവനെ ചൊടിപ്പിക്കാന്‍ ആയിരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്യുന്ന ഐടി വിദഗ്ധന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദഗ്ധന്‍, യുജിസി പ്രതിനിധി, സര്‍വകലാശാലാ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് പ്രതിനിധി എന്നിവരാണ് മറ്റുള്ളവര്‍.