കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പിടിക്കൽ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബി ജെ പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. യോഗത്തിൽ പ്രധാനമായും ചർച്ചയാകുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാകും.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബി ജെ പി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബി ജെ പി സംസ്ഥാന ശില്പശാലയും നടക്കും