തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ കടന്നാക്രമണം.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒന്ന് ജുഡീഷ്യറി, മറ്റൊന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും അദ്ദഹം പറഞ്ഞു.