സംസ്ഥാനത്ത് ഉത്തരേന്ത്യൻ മോഡൽ ആക്രമണം...ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് ഫോണ്‍ തട്ടിയെടുക്കുന്ന സംഘം പിടിയിൽ





ആലുവ : ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയില്‍വെ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിന്‍റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിന്‍റെ രീതി. കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു.

ഇയാളുടെ പരാതിയിലാണ് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവര്‍ച്ചാസംഘങ്ങള്‍ വ്യാപകമാണ്. അത്തരത്തിലുള്ള മോഷണത്തിന്‍റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.
Previous Post Next Post