ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.കാസര്‍കോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ ദേവാനന്ദന്‍ (20) ആണ് പിടിയിലായത്. കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദന്‍ പെണ്‍കുട്ടിയുമായി താമസിച്ചിരുന്നു. കുട്ടുകാരിയുടെ വീട്ടിലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ കുടുംബവും വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല.ഇരുവരും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വിവാഹക്കാര്യം സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്‌നം വഷളായത്. വിവാഹം കഴിക്കാനാവില്ലെന്ന് ദേവാനന്ദന്‍ നിലപാട് എടുത്തതോടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരനിലയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.