
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം. പൊതുദർശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചൻ ആവശ്യപ്പെട്ടത് പ്രകാരമാണിത്. നാളെ രാവിലെ 11 മണിക്ക് വീട്ടിൽ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പള്ളിയിലേക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്കാരം നടക്കുക. ഇന്ന് വൈകുന്നേരം 4.30നാണ് പിപി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില മോശമായി. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.
ആറുപതിറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ടീയ ജീവതത്തിൽ കെപി സിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ, ആൻറണി മന്ത്രി സഭയിൽ കൃഷിമന്ത്രി, പെരുമ്പാവൂരിൽ നിന്ന് നാലുതവണ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡൻറ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തങ്കച്ചൻറെ നിര്യാണത്തിൽ എകെ ആൻറണി, കെസി വേണുഗോപാൽ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു.