ശനിയാഴ്ച മുതൽ നേരിയ തോതിൽ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സർവ്വകാല റെക്കോർഡിൽ എത്തിയത്. വില വർധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയർന്നത് വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്. ദീപാവലിയോട് സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.വില കൂടുന്നതെന്തുകൊണ്ട്?
യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം. അര ശതമാനത്തിന് മുകളിൽ കുറയ്ക്കണം എന്നാണ് പ്രസിഡൻ്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാൽ ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിയാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നേക്കാം. അരശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കിൽ സ്വർണ്ണവില വീണ്ടും വർദ്ധിച്ചേക്കും. ദീപാവലി ആഘോഷ സീസണിലേക്ക് അടുക്കുന്നതിനാൽ സ്വർണ്ണവില ഉയരും എന്ന സൂചനകളാണ് വരുന്നത്.