
കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. ബസ് യത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ നരിക്കാട്ടേരി സ്വദേശി ഷനൂപ് നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. കക്കട്ടിൽ നിന്നും തൊട്ടിൽപാലത്തേക്കാണ് ഷനൂപ് ടിക്കറ്റെടുത്തിരുന്നത്. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടിയിൽ ഇറങ്ങാൻ തീരുമാനിച്ചു. കുറ്റ്യാടി വരെയുള്ള ചാർജ് കഴിച്ച് ബാക്കി പണം തരുമോ എന്ന് കണ്ടക്ടറോട് ചോദിച്ചതിന് പിന്നാലെ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ കുറ്റ്യാടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു, കണ്ടക്ടർ അമൽദേവിനെതിരെ കേസെടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.