
ഞായറാഴ്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറിനെ തുടർന്ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംഘർഷാവസ്ഥ തുടരുന്നു. കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മദ്ദൂരിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അയൽ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് അധിക പോലീസുകാരെ വിന്യസിച്ചു. ചൊവ്വാഴ്ച ഹിന്ദു സംഘടനകൾ ‘മദ്ദൂർ ബന്ദിന്’ ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ 6 മണി വരെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ലേറിൽ പരിക്കേറ്റ എട്ട് പേർ മദ്ദൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ഹോം ഗാർഡുകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സ്ത്രീകൾക്കും പരിക്കേറ്റതായി ഹിന്ദു സംഘടനാ അംഗങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.