ഓഫീസിലെ ഇടവേളകളിൽ ചിലർക്ക് ചൂടു ചായയ്ക്കൊപ്പം ഒരു സിഗരറ്റ് നിർബന്ധമാണ്. എന്നാൽ നിസാരമെന്ന് തോന്നുന്ന ഈ ശീലം വളരെ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂടു ചായയ്ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. 2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു.