ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ പ്രത്യേക ഇരിപ്പിടം; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി രാഹുല്‍ നാളെ നിയമസഭയില്‍ എത്തുമോ?;



തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം.ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. സര്‍ക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുല്‍ വിവാദത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സര്‍ക്കാരിന്റെ പ്രധാന തലവേദന. ഓരോ ചോദ്യങ്ങള്‍ക്കും നിയമസഭയില്‍ മുഖ്യമന്ത്രിയെ കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി രാഹുലിന് നിയമസഭയില്‍ പ്രത്യേക ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. പ്രതിപക്ഷനിരയില്‍ നിന്ന് മാറ്റി ഇരുമുന്നണികള്‍ക്കും നടുക്കാവും പുതിയ ഇരിപ്പിടം. എംഎല്‍എ നിയമസഭയിലെത്തരുതെന്ന് നിര്‍ദേശിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല, ഭരണപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടേണ്ടി വരും. സ്വന്തം മുന്നണിയും പാര്‍ട്ടിയും അത് നോക്കി നില്‍ക്കേണ്ടിയും വരും . കെപിസിസി പ്രസിഡന്റ് കൂടി അംഗമായ സഭയിലേക്ക് രാഹുല്‍ വരില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കൂകൂട്ടല്‍. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം നാളെ കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ഭാഗമല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ എതിരിടുകയെന്നത് പ്രതിപക്ഷത്തിന് എളുപ്പമാകില്ല. നിലമ്പൂര്‍ പിടിച്ചെടുത്തതിന്റെ ആവേശത്തിലെത്തുന്ന പ്രതിപക്ഷത്തിന് രാഹുലിനെതിരായ നടപടി കോണ്‍ഗ്രസില്‍ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. സഭയില്‍ രാഹുല്‍ എത്തേണ്ടതില്ലെന്ന നടപടയില്‍ പ്രതിപക്ഷനേതാവ് ഉറച്ചുനില്‍ക്കുമ്പോള്‍, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.   രാഹുല്‍ ആകട്ടെ വീട്ടില്‍ നിന്നിറങ്ങുന്നുമില്ല. രാഹുല്‍ സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്നറിയിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
أحدث أقدم