ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡെപ്യൂറ്റേഷൻ ഉൾപ്പടെ 118 തസ്തികകളിൽ നിയമനം നടത്താനാണ് സർക്കാർ അനുമതിയുള്ളത്. എന്നാൽ 41 പേരെ അധികമായി നിയമിച്ചു എന്നാണ് ഓഡിറ്റ് കണ്ടെത്തൽ. യോഗ്യത ഇല്ലാത്തവരെ നിയമിച്ചതായും അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
സർവകലാശാല കലോത്സവം നടത്തിയ കണക്കുകളിലും, ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടുകൾ ഉള്ളതായും റിപ്പോർട്ടിലുണ്ട്. മറ്റൊരു ഗുരുതര കണ്ടെത്തൽ വീഡിയോ എഡിറ്റിംഗിന് നൽകുന്ന തുക സംബന്ധിച്ചാണ്. യൂട്യൂബ്, ഗൂഗിൾ മീറ്റ് ക്ലാസുകൾ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിന് പോലും തുക നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്സിറ്റിയിൽ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ ചാൻസിലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. അതേസമയം സാമ്പത്തിക ഇടപാടുകൾ എല്ലാം സുതാര്യമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.