സുകുമാരൻ നായരുടെ നിലപാട് മാറ്റം.. പ്രതിഷേധസൂചകമായി ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ നാലുപേർ എൻ.എസ്.എസ്. അംഗത്വം രാജിവച്ചു..


എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ സമീപകാല നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ നാല് പേർ സംഘടനാ അംഗത്വം രാജിവച്ചു. ചങ്ങനാശ്ശേരി പുഴവാത് സ്വദേശിയായ ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവരാണ് എൻ.എസ്.എസ്. ബന്ധം ഉപേക്ഷിച്ചത്.

ഇവർ അംഗങ്ങളായിരുന്ന എൻ.എസ്.എസ്. കരയോഗം 253 ന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് രാജി കത്ത് കൈമാറിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സ്വീകരിച്ച നിലപാടുകളിലുള്ള വിയോജിപ്പാണ് രാജിക്ക് പ്രധാന കാരണം എന്ന് ഗോപകുമാർ സുന്ദരൻ വ്യക്തമാക്കി.

മാത്രമല്ല, ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്‌വും സംഘടനാപരമായ നിലപാടുകളിലെ പക്ഷപാതപരമായ അഭിപ്രായ പ്രകടനങ്ങളും ഈ കൂട്ട രാജിക്ക് കാരണമായി കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയുടെ സമീപനങ്ങളോടുള്ള ശക്തമായ വിയോജിപ്പാണ് ഒരേ കുടുംബത്തിലെ നാല് പേരെയും സംഘടനയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിച്ചത്.

Previous Post Next Post