
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് വഴിയിലൂടെ നടന്ന് പോകുകയായിരുന്ന വയോധികക്ക് ദാരുണാന്ത്യം. സന ടവറിൽ താമസിക്കുന്ന 62കാരി നാഹിദ് സൈനുദ്ദീൻ ജമാലിയാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മരുമകൾ ഇൽമ സെഹ്റ ജമാലിയക്ക്(26) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ കലേസ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബ്ര പ്രദേശത്തെ ദൗലത്ത് നഗറിലെ ലക്കി കോമ്പൗണ്ടിലെ ഡി-വിംഗ് കെട്ടിടത്തിൽ അർദ്ധരാത്രിക്ക് ശേഷം പുലർച്ചെ 12.30 നാണ് സംഭവം നടന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്‌വി പറഞ്ഞു. റോഡിനരികിലുള്ള കെട്ടിടത്തിന്റെ ഒരു വശമിടിഞ്ഞ് അതുവഴി നടന്നു പോവുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. 25 വർഷം മുമ്പ് പണിത നാലു നില കെട്ടിടമാണിത്.
തകർന്ന കെട്ടിടം വൻതോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമായ എന്നാൽ പെട്ടന്ന് ഒഴിഞ്ഞു പോകേണ്ടതല്ലാത്ത ‘സി2ബി’ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, “സുരക്ഷാ കാരണങ്ങളാൽ, കെട്ടിടത്തിലെ എല്ലാ വീടുകളും ഒഴിപ്പിച്ചു, പരിസരം സീൽ ചെയ്തു. താമസക്കാർ അവരുടെ ബന്ധുക്കളുമായി ബദൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്,” എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2013ൽ ലക്കി കോമ്പൗണ്ടിനുള്ളിലെ കെട്ടിടം തകർന്ന് 74 പേർ മരിച്ചിരുന്നു. അന്ന് 60 ലധികം പേർക്ക് പരിക്കേറ്റിരുന്നു.