കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ആരോഗ്യമേഖല വെന്‍റിലേറ്ററിലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. പിണറായി ഭരണത്തിന്‍റെ വിചാരണാകും നിയമസഭയിൽ നടക്കുകയെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും വിശദീകരിച്ചു. എന്നാൽ പാർട്ടി നടപടി ഒറ്റക്കെട്ടായി എടുത്തതാണ്. നടപടിയുടെ ഉത്തരവാദി താൻ മാത്രമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ താനത് ഏറ്റെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല താൻ നിലപാടെടുക്കുന്നത്. ഒരുകാലത്ത് കോൺഗ്രസിൽ ഏറ്റവും അധികം ഒതുക്കപ്പെട്ടയാളാണ് താനെന്നും ഇതറിയാവുന്നതുകൊണ്ടാണ് കഴിവുളള ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.