‘മെയ്ഡ് ഇന്‍ കേരള’; 10 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍


10 പുതിയ ഉല്‍പ്പന്നങ്ങളെ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളില്‍ നിന്നുള്ളതാണ് ഈ 10 പുതിയ ഉല്‍പ്പന്നങ്ങള്‍. നിലവില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ നീക്കം.

കാര്‍ഷിക-ഭക്ഷ്യ ഉത്പന്നങ്ങളായ കാപ്പി, തേയില, തേന്‍, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ എന്നിവയ്ക്ക് ഒപ്പം, വ്യാവസായിക ഉല്‍പ്പാദന മേഖലയില്‍ സുപ്രധാനമായ പ്ലൈവുഡ്, പാദരക്ഷകള്‍, പിവിസി പൈപ്പുകള്‍, സര്‍ജിക്കല്‍ റബ്ബര്‍ ഗ്ലൗസ് എന്നീ ഉല്‍പ്പന്നങ്ങളുമാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സെലക്ഷന്‍ മാനദണ്ഡങ്ങള്‍ സംസ്ഥാനതല സമിതി അംഗീകരിച്ചിട്ടുണ്ട്.കേരള ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ, ധാര്‍മ്മിക നിലവാരം, ഉത്തരവാദിത്തമുള്ള വ്യാവസായിക മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കി ആഗോള വിപണിയില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന ആധികാരിക മുദ്ര നല്‍കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് കേരള ബ്രാന്‍ഡ് നടപ്പാക്കിയത്.

أحدث أقدم