
ഒരു സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ‘വിചിത്രമായ ജോലി’ നൽകാം എന്ന വ്യാജ പരസ്യത്തിൽ കുടുങ്ങി പുണെയിലെ ഒരു കരാറുകാരന് നഷ്ടമായത് 11 ലക്ഷം രൂപ. 44 വയസ്സുള്ള ഇദ്ദേഹമാണ് സമൂഹമാധ്യമങ്ങളിൽ കണ്ട ആകർഷകമായ പരസ്യത്തിന്റെ പേരിൽ കബളിക്കപ്പെട്ടത്. പരസ്യത്തിലെ ഫോൺ നമ്പറിൽ വിളിച്ചതിനെ തുടർന്ന് തട്ടിപ്പുകാർ പല തവണകളായി ഇയാളിൽ നിന്നും പണം കൈക്കലാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പരസ്യത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: “എനിക്ക് അമ്മയാകാൻ ഒരു പുരുഷനെ വേണം. മാതൃത്വത്തിന്റെ സന്തോഷം അറിയണം. അതിനായി ഞാൻ 25 ലക്ഷം രൂപ പ്രതിഫലം നൽകും. വിദ്യാഭ്യാസം, ജാതി, നിറം എന്നിവയൊന്നും എനിക്കൊരു പ്രശ്നമല്ല”. ഹിന്ദിയിൽ സംസാരിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആയാണ് ഈ പരസ്യം യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിരുന്നു.
പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരു പുരുഷനാണ് ഫോൺ എടുത്തത്. ഗർഭധാരണത്തിനുള്ള ജോലി നൽകുന്ന ഏജൻസിയിലെ ജീവനക്കാരനാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. സ്ത്രീക്കൊപ്പം താമസിക്കണമെങ്കിൽ ആദ്യം ഏജൻസിയിൽ രജിസ്റ്റർ ചെയ്ത് ഐഡി കാർഡ് നേടണമെന്ന് അയാൾ യുവാവിനോട് ആവശ്യപ്പെട്ടു.
തുടർന്ന്, രജിസ്ട്രേഷൻ ചാർജ്, ഐഡി കാർഡ് ചാർജ്, വെരിഫിക്കേഷൻ ചാർജ്, ജിഎസ്ടി, ടിഡിഎസ്, പ്രോസസിങ് ഫീ തുടങ്ങിയ പല ആവശ്യങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ പണം കൈപ്പറ്റി. ഇങ്ങനെ ഏകദേശം നൂറിലധികം തവണകളായി ഒന്നര മാസത്തിനിടെ 11 ലക്ഷം രൂപയോളമാണ് യുവാവ് അയച്ചു കൊടുത്തത്. എന്നാൽ, പിന്നീട് ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പുകാർ യുവാവിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് യുവാവിന് മനസ്സിലായത്.
നേരത്തെ മാഹിയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. അവിടെ നേപ്പാൾ സ്വദേശിയായ ഒരു ലോഡ്ജ് ജീവനക്കാരന് അര ലക്ഷം രൂപയാണ് നഷ്ടമായത്.