ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി യുവാക്കള്‍ക്കായി പ്രാര്‍ത്ഥനയോടെ നാട്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.പിറവം വെളിയനാട്ടെ വീട്ടില്‍ നിന്ന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത് എന്ന ഇരുപത്തിരണ്ടുകാരന്‍ മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ദ്രജിത്തിന്‍റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍പ്പെട്ട രണ്ടാമത്തെ മലയാളി. ശ്രീരാഗും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ശ്രീരാഗ്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ജനപ്രതിനിധികളടക്കമുളളവര്‍ ബന്ധപ്പെടുന്നുണ്ട്. ബന്ധുക്കളുമായുളള ആശയവിനിമയത്തിന് ഹൈക്കമ്മീഷനില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പരുകളക്കം പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്