
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പൊക്കി കേരളാ പൊലീസ്. സഹപ്രവര്‍ത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റിട്ട കേസിലെ പ്രതിയെയാണ് ഇരിക്കൂര്‍ പൊലീസ് പിടികൂടിയത്.പരേഷ് നാഥ് മണ്ഡല്‍ എന്നയാളെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
2021-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്‌ലാമിനെ (26) പരേഷ് നാഥ് മണ്ഡലും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ജൂണിലായിരുന്നു സംഭവം. ജൂണ്‍ 28-ന് സഹോദരനെ കാണാനില്ലെന്ന് കാണിച്ച് അഷിക്കുലിന്റെ സഹോദരന്‍ പരാതി നല്‍കി. അതിനിടെയാണ് പരേഷിനെയും ഗണേഷ് എന്ന സുഹൃത്തിനെയും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബറിലാണ് അഷിക്കുലിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗ്ഷനില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ബാത്ത്‌റൂമില്‍ മൃതദേഹം കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കൊല നടന്ന ദിവസം അഷിക്കുലും പരേഷ് നാഥും ഗണേഷും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. അഷിക്കുലിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഇരുവരും ചേര്‍ന്ന് വീടിന്റെ മുകള്‍നിലയില്‍ കൊണ്ടുപോയി കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് പരേഷ് നാഥ് മണ്ഡല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ബംഗാളിലുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് എ എസ് ഐ സദാനന്ദന്റെ നേതൃത്വത്തില്‍ ബംഗാളിലെത്തിയ പൊലീസ് സംഘം വ്യാഴാഴ്ച്ചയോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.