സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയില്‍ കൂട്ടരാജിയും തമ്മിലടിയും. രാജിക്കു പിന്നാലെ ഉണ്ടായ തമ്മിലടിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഒ. എസ് സുധീഷിൻ്റെ കൈ തല്ലിയൊടിച്ചു. എതിർചേരിയിൽ ഉള്ളവരാണ് സുധീഷിനെ മർദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് നാളെ പൊലീസിൽ പരാതി നൽകുമെന്ന് സുധീഷ് പ്രതികരിച്ചു. രവീന്ദ്രൻ എന്ന പ്രവർത്തകന് പാർട്ടി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കണക്ക് അവതരിപ്പിക്കാത്തതിൽ തുടങ്ങിയ തർക്കങ്ങളാണ് കൂട്ടരാജിയിലും തമ്മിലടിയിലും എത്തി നിൽക്കുന്നത്. സിപിഎം ലോക്കൽ സെക്രട്ടറിയടക്കം ആറു പേരാണ് രാജിവെച്ചിരുന്നത്.
പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുത്തെന്നാണ് ആക്ഷേപം. വീട് പണി ചർച്ചയാക്കിയ രണ്ട് അംഗങ്ങളെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. എന്നാൽ, വീട് നിർമ്മാണം പൂർത്തിയായ ശേഷമാണ് കണക്ക് അവതരിപ്പിക്കുകയെന്നും ഇടക്കാല കണക്ക് അവതരിപ്പിക്കൽ രീതിയില്ലെന്നും ഇരവിപേരൂർ ഏരിയ നേതൃത്വം വിശദീകരിച്ചു.