
നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുഎസ് ഗായിക മേരി മില്‍ബെന്‍. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ‘ഐ ഹേറ്റ് ഇന്ത്യ ടൂര്‍’ എന്ന പരാമര്‍ശത്തിന് പിന്നാലെയാണ് മേരി മില്‍ബെന്നിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം.നേരത്തെ, പലതവണ മോദിക്ക് പ്രശംസയുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് മില്‍ബെന്‍. ഇത്തവണ പങ്കുവച്ച പോസ്റ്റിലും മോദിയെ അവര്‍ പ്രശംസയില്‍ പൊതിയുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പോലും മോദിക്ക് ഭയമില്ലെന്നും ഏറ്റവും പുതിയ പ്രതികരണത്തില്‍ അവര്‍ പറയുന്നു. രാഹുല്‍ഗാന്ധി, നിങ്ങള്‍ക്ക് തെറ്റിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി അദ്ദേഹം നടത്തുന്നത് തന്ത്രപരമായ നയതന്ത്രമാണെന്നും അവര്‍ പറയുന്നു.
‘ ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുപോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതാണ് രാഷ്ട്രത്തലവന്മാര്‍ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങള്‍ക്ക് നല്ലതാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലും രാഹുല്‍ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ല’ എന്നും ഗായിക എക്സ് പോസ്റ്റിലൂടെ പറഞ്ഞുവയ്ക്കുന്നു.