ദീപാവലിക്ക് പിന്നാലെ ഡൽഹിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി.. കൃത്രിമ മഴ പെയ്യിക്കും…


        
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തിൽ ശരാശരി വായുഗുണനിലവാരം മൂന്നൂറ്റി അൻപത് രേഖപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ നടപടി തുടങ്ങി.

പരിധി വിട്ട ആഘോഷം ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണ്. നിയന്ത്രണങ്ങൾ മറികടന്നും ദിവസങ്ങളോളം വ്യാപകമായി പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്. നാലിടങ്ങളിൽ മലിനീകരണ തോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അനുവദിനീയമായതിനേക്കാൾ പത്തിരട്ടിവരെ മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അനുമതി ലഭിച്ചാൽ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയിൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ പറഞ്ഞത്.


        

أحدث أقدم