'പാലക്കാട് കേരളത്തിന്റെ അന്നപാത്രം; നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ?'; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി





പാലക്കാട് കലുങ്ക് സംവാദപരിപാടിക്കിടയില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. നേരത്തെ സുരേഷ് ഗോപി കഞ്ഞിപാത്രമെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തെരരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണം. ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് പരാമര്‍ശം. ഹിന്ദുക്കള്‍ക്കുള്ള വേദപഠനം നടത്താന്‍ എംഎല്‍എയോട് ചോദിക്കാനായിരുന്നു മറുപടി.

'നമ്മുടെ കുട്ടികള്‍ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് മതത്തെ കുറിച്ച് പഠിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.

അത് നിങ്ങളുടെ എംഎല്‍എയോട് ചോദിക്കൂ എന്ന് പറഞ്ഞ സുരേഷ് ഗോപി എം.എല്‍.എ ഏതാണ് പാര്‍ട്ടിയെന്ന് ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് മറുപടി കിട്ടിയതോടെ, 'മാര്‍ക്കിസ്റ്റ് പാര്‍ട്ടി സര്‍ക്കാറിന്റെ കീഴിലാണ് ദേവസ്വം ബോര്‍ഡ്. നിങ്ങള്‍ ന്യായമായും എം.എല്‍.എയുടെ വീട്ടില്‍ കയറി ചോദിക്കേണ്ട ചോദ്യമാണത്.'-എന്നായിരുന്നു മറുപടി. അതിന് നിങ്ങളുടെ എം.എല്‍.എക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന് സാധിക്കുന്ന എം.എല്‍.എ നിങ്ങള്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
أحدث أقدم