ഞെട്ടിക്കുന്ന കൊലപാതകം; വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, അച്ഛൻ്റെ പെങ്ങൾ കസ്റ്റഡിയിൽ


നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് 64 കാരനായ സുകുമാരൻ ആണ് ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോട്ടയം കട്ടച്ചിറ സ്വദേശിനി തങ്കമ്മയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർ സുകുമാരന്റെ അച്ഛന്റെ പെങ്ങൾ ആണെന്നും, ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായും പൊലീസ് വ്യക്തമാക്കി.

പണം സംബന്ധിച്ച തർക്കം മൂലം തങ്കമ്മയും സുകുമാരനും തമ്മിൽ നീണ്ടുനിന്ന തർക്കം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരുന്നു. ഈ വിഷയത്തിൽ തങ്കമ്മ നേരത്തെ തന്നെ സുകുമാരനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 15 ദിവസം മുമ്പ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ എത്തിയതായും വിവരങ്ങൾ ലഭിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇവർ ആസിഡ് ആക്രമണം നടത്തിയത്.

ആസിഡ് പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് ആദ്യം തൂക്കുപാലം ആശുപത്രിയിലും, പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. ആക്രമണത്തിൽ തങ്കമ്മക്കും പൊള്ളലേറ്റതായതിനാൽ അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലം പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറും.

Previous Post Next Post