
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കായി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതയിലെത്തിക്കുമെന്നാണ് വിവരം.
ഗൂഢാലോചനയിൽ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ പോറ്റി മൊഴി നൽകിയിരുന്നു.
മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.