
വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടില്‍ അസദുല്ല (47), ഭാര്യ മിന്‍സിയ (43), മകന്‍ ആമിന്‍ സിയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പറഞ്ഞു.
അസദുല്ല കാര്‍ വാങ്ങാന്‍ 2023 മാര്‍ച്ചില്‍ മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 4.1 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൃത്യമായി വായ്പാ തിരിച്ചടവ് അടച്ചിരുന്നു എന്നാൽ രണ്ടു മാസമായി അടവ് മുടങ്ങി. ഇതോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഒരാഴ്ച കൊണ്ട് അടക്കാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഹെല്‍മറ്റുകൊണ്ട് ആമീന്‍ സിയയെ അടിച്ചത്. തടയാനെത്തിയ മിന്‍സിയെയും ആക്രമിച്ചു. ഇവരുടെ വലതുകൈയിന് പൊട്ടലുണ്ട്. അസദുല്ലയുടെ മൂക്കിനും പരിക്കേറ്റു. ആമീന്‍ സിയയുടെ തലയിലേറ്റ മുറിവില്‍ എട്ടു തുന്നലുണ്ട്. മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.