
പി എംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിഎം ശ്രീ പദ്ധതിയിൽ സിപിഎം ഒരു രാത്രി കൊണ്ട് നയം മാറ്റി എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
എൻഇപിക്ക് ഒരു കുഴപ്പമുണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ എന്താ കുഴപ്പമെന്ന് ചോദിക്കുന്നു. എന്നാൽ യുഡിഎഫിന് എൻഇപി ആപത്ത് എന്ന ഒറ്റ അഭിപ്രായം മാത്രമേയുള്ളൂവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടക്കുകയാണെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. സിപിഐ മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നാൽ ഒന്നും സംഭവിക്കില്ലെന്നും അണ്ടിപ്പരിപ്പും ഈന്തപ്പഴവും തിന്നാൻ ആവില്ലെന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടപടികളിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസൽ സമർപ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും. 971 കോടി രൂപയാണ് എസ്എസ്‌കെയ്ക്ക് വേണ്ടി കേന്ദ്രം നൽകാമെന്ന് ഉറപ്പ് നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞുവെച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്.