പുലർച്ചെ ഇരുട്ട് നീങ്ങും മുമ്പ് ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം നടക്കേണ്ടിയിരുന്ന ഇടപാട്; രഹസ്യ ഓപ്പറേഷനിൽ ആലപ്പുഴ എക്സൈസ് പൊളിച്ചു


ചേർത്തല: വെളുപ്പിനെ അഞ്ച് മണിക്ക് ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം നടന്ന രഹസ്യ ഓപ്പറേഷനൊടുവിൽ, ഒന്നര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. യാത്രക്കാരുടെ തിരക്കിനിടയിൽ ‘ചരക്ക്’ കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പ്രതി എക്‌സൈസ് വലയിലായത്. അസം ഹോജായി ജില്ലയിൽ നിന്നുള്ള 26 വയസ്സുകാരനായ ജാബേദ് ഇക്ബാൽ ആണ് പിടിയിലായത്.

പതുക്കെ ഉണർന്നു തുടങ്ങിയ റെയിൽവേ സ്റ്റേഷൻ പരിസരത്ത്, നിഗൂഢമായ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു ജാബേദ് ഇക്ബാൽ. കൈയ്യിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കൈമാറാനായി, ഇരുട്ടിന്റെ മറവിൽ ആരെയോ കാത്ത് നിൽക്കുകയായിരുന്നു ജാബേദ്. എന്നാൽ, ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഏറെ നാളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കൃത്യസമയത്ത് എക്‌സൈസ് സംഘം വളഞ്ഞതോടെ ഇയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ വൻ വിലയുണ്ട്. ‘ചരക്ക്’ എവിടെ നിന്ന് എത്തിച്ചു എന്നും, കഞ്ചാവ് വാങ്ങാൻ എത്തേണ്ടിയിരുന്ന വ്യക്തി ആരാണെന്നും കണ്ടെത്താൻ എക്‌സൈസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ റാക്കറ്റിലെ കൂടുതൽ കണ്ണികൾ കുടുങ്ങുമെന്നാണ് എക്‌സൈസ് നൽകുന്ന സൂചന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്, പ്രിവന്റീവ് ഓഫിസർമാരായ പി. അനിലാൽ, റെനി എം., അഭിലാഷ് ബി., സിവിൽ എക്സൈസ് ഓഫിസർ അരുൺ കെ. അശോക് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Previous Post Next Post