സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയും,ശുചിത്വ മിഷന്‍റേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നൽകി.
വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്‍റില്‍ കൊണ്ടു വരരുത് തുടങ്ങിയവയാണ് ഉപാധികള്‍. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.