
അമ്പലപ്പുഴ(ആലപ്പുഴ): എംഡിഎംഎയുമായി അമ്മയും 18 -കാരനായ മകനും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വില്‍പ്പനക്കയ്ക്കായി കൊണ്ടുപോയപ്പോഴാണ് ഇവരിൽ എംഡിഎംഎ നിന്ന് പിടികൂടിയത്. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍ (46), മകന്‍ സൗരവ്ജിത്ത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലിചെയ്തു വരുകയായിരുന്നു സത്യമോള്‍. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
മൂന്നുഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് ആദ്യം കിട്ടിയത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം, പ്ലാസ്റ്റിക് കൂടുകള്‍ എന്നിവയും കണ്ടെത്തി.
അമ്മയും മകനും ഒന്നിച്ചാണ് ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പോയിരുന്നത്. മാസത്തില്‍ പലപ്രാവശ്യം എറണാകുളത്തുപോയി ലഹരിവസ്തുക്കള്‍ വാങ്ങി നാട്ടിലെത്തിച്ച് അമിതലാഭത്തില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. കാറില്‍ അഭിഭാഷകര്‍ ഉപയോഗിക്കുന്ന എംബ്ലം പതിച്ചാണ് പരിശോധനയില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഗ്രാമിന് 1,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതല്‍ 5,000 വരെ രൂപയ്ക്കാണ് വിറ്റിരുന്നത്.
ഇവരുടെ വീട്ടില്‍ കഞ്ചാവ് വലിക്കാന്‍ പ്രത്യേകസ്ഥലം തന്നെ ഒരുക്കിയിരുന്നതായി പോലീസ് പറഞ്ഞു. പുറമേനിന്നുള്ള യുവാക്കളും കുട്ടികളും രാത്രി ഇവിടെയെത്തുമായിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. വീട്ടില്‍ വളര്‍ത്തുനായ്ക്കളും സിസിടിവിയും ഉള്ളതിനാല്‍ പലപ്പോഴും പുറത്തുനിന്നുള്ള നിരീക്ഷണം ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായും പോലീസ് പറഞ്ഞു.
എഡിജിപിയുടെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് സംഘം തിങ്കളാഴ്ച രാവിലെ പുന്നപ്ര പറവൂരില്‍ ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പുന്നപ്ര പോലീസും ചേര്‍ന്ന് കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ പിടിച്ചത്. എസ്ഐ എസ്. അരുണ്‍, സീനിയര്‍ സിപിഒമാരായ രാജേഷ്‌കുമാര്‍, അഭിലാഷ്, സിപിഒമാരായ മുഹമ്മദ് സാഹില്‍, കാര്‍ത്തിക എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.