പാലിയേക്കര ടോൾ പിരിവ് ഉടൻ പുനരാരംഭിക്കില്ല; നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി..


ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് വീണ്ടും തുടരുമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച വരെയാണ് ഹൈക്കോടതി വിലക്ക് നീട്ടിയത്. നാലുവരിപ്പാത ഒറ്റവരിയായി മാറിയെന്ന് കോടതി വിമർശിച്ചു. മാത്രമല്ല, പ്രശ്നത്തിൽ കേന്ദ്ര സർക്കാർ എന്തുകൊണ്ട് പരിഹാരം കാണുന്നില്ല എന്നും കോടതി ചോദിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് ടോൾ പിരിവ് നിരോധനം നീട്ടിയത്.

ബദൽ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതൽ ചിറങ്ങര വരെ 7 ഇടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്. ജനം നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്.


ദേശീയപാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സർവീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. എന്നാൽ ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം കരാർ കമ്പനിയും എൻഎച്ച്എഐ സുപ്രീം കോടതി വരെ സമീപിച്ചിരുന്നെങ്കിലും കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലക്ക് തുടരുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 6 മുതൽ ആയിരുന്നു പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കി.


ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ കോടതി ആശ്രയിച്ചത്. തുടക്കത്തിൽ നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി വിലക്ക് നീട്ടുകയായിരുന്നു.


പാലിയേക്കരയിലെ ടോൾ പിരിവ് കോടതി തടഞ്ഞിട്ട് രണ്ട് മാസമാകുമ്പോഴും ഗതാഗതക്കുരുക്കിന് മാത്രം യാതൊരുവിധ മാറ്റവുമില്ല. ഒരു കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയാനുള്ളത്. എറണാകുളം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു കറുകുറ്റി കടന്നെത്തുന്ന വാഹനങ്ങൾ പൊങ്ങത്ത് നിന്ന് ഇടത്തോട്ടു മംഗലശേരി വഴി തിരിച്ചുവിടുകയാണ്. തൃശൂരിൽ നിന്ന് എറണാകുളത്തേക്കു പോകാനായി മുരിങ്ങൂർ വരെയെത്തുന്നവ ഡിവൈൻ നഗർ മേൽപാത കഴിഞ്ഞാൽ ഇടത്തോട്ട് തിരിച്ചു മേലൂർ വഴി വിടുകയാണ്. ഇത്തരത്തിൽ വഴി തിരിച്ചു വിട്ടിട്ടും നിരനിരയായി ഇരു ദിശകളിലേക്കും പല സമയങ്ങളിലും വാഹനങ്ങൾ കുരുക്കിൽ പെട്ടു കിടക്കുന്ന കാഴചയാണുള്ളത്. സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. എല്ലാ ദിവസവും ഗതാഗതക്കുരുക്കാണെന്നും സമയത്ത് എത്താൻ കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.

Previous Post Next Post