
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ കടുവയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് സംഭവം. ഇവിടെയുണ്ടായിരുന്ന ജീവനക്കാരനും കൂടെയുണ്ടായിരുന്ന ആളും കിണറിൽ നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അജ്ഞാത ജീവിയെ കണ്ടത്. വാലുൾപ്പെടെ പിൻഭാഗം മാത്രമാണ് കണ്ടതെന്നും കടുവയോട് സാദൃശ്യം തോന്നിയ ജീവി പിന്നീട് കിണറിനകത്തെ ഗുഹയിലേക്ക് കയറിപ്പോയതായും ഇവർ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്ത് വേണ്ട ക്രമീകരണങ്ങൾ നടത്തി. പ്രത്യേകം തയ്യാറാക്കിയ ക്യാമറ മൂന്ന് തവണ കിറ്റിൽ ഇറക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനുള്ളിൽ ഗുഹയുള്ളതിനാൽ ഇതിനകത്ത് കയറിയിരിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. അതിനാൽ ഉദ്യോഗസ്ഥർ കിണറിനകത്ത് ക്യാമറ സ്ഥാപിക്കുകയും മുകളിൽ നെറ്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.