പേരാമ്പ്ര സംഘർഷം; സ്ഫോടക വസ്തു എറിഞ്ഞത് പൊലീസിൻറെ ഭാഗത്ത് നിന്ന്? കൂടുതൽ ദൃശ്യങ്ങൾ പുറത്ത്…


പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ അറസ്റ്റും അന്വേഷണവുമായി പൊലീസ് നടപടികൾ കടുപ്പിക്കുന്നതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്‌. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സിപിഎം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നാണ് ദൃശ്യങ്ങൾ നിരത്തിയുള്ള കോൺഗ്രസ് വാദം. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പേരാമ്പ്രയിൽ ഡിവൈഎസ്‍പി ഓഫീസിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹവും സംഘടിപ്പിച്ചു.

സംഘർഷം ഉണ്ടായ ഏപ്രിൽ 10 ന് രാത്രി 7.16 ന് ശേഷമുള്ള ആറ് ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടയിൽ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്നും ഒരു വസ്തു വന്ന് പൊട്ടുന്നതാണ് ഒരു ദൃശ്യങ്ങളിലുള്ളത്. പൊലീസ് നിൽക്കുന്ന ഭാഗത്ത്‌ സിപിഐഎമ്മുകാർ ആയുധങ്ങളുമായി ഉണ്ടായിരുന്നെന്നും ആ ഭാഗത്തുനിന്നാണ് സ്ഫോടക വസ്തു വന്നതെന്നും ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ പറഞ്ഞു. ടിയർ ഗ്യാസ് ഷെല്ലുമായി വടകര ഡിവൈഎസ്പി ഹരിപ്രസാദ് നിൽക്കുന്നതും കോൺ​ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. എംപി സ്ഥലത്തുണ്ടന്ന ശബ്ദവും ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം.

പൊലീസ് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു. അതേസമയം പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിലും യുഡിഎഫ് സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുഡിഎഫ് പ്രവർത്തകരെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

أحدث أقدم