ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ നൽകുന്നത് വമ്പൻ ആനുകൂല്യങ്ങൾ; വാ​ഗ്ദാനവുമായി തേജസ്വി യാദവ്


പട്ന: ബിഹാറിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ വമ്പൻ ആനുകൂല്യങ്ങൾ നൽകുമെന്ന വാ​ഗ്ദാനവുമായി തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിച്ചിരിക്കെയാണ് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് പഞ്ചായത്ത് അം​ഗങ്ങൾക്കും സ്വയംതൊഴിലുകാർക്കും വമ്പൻ വാ​ഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ‌ക്ക് ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.

പഞ്ചായത്തുകൾ, ​ഗ്രാമ കോടതികൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവർക്ക് പെൻഷൻ ലഭ്യമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പൊതുവിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ ആനുകൂല്യവും വർധിപ്പിക്കും- തേജസ്വി യാദവ് പ്രഖ്യാപിച്ചു.

മൺപാത്ര നിർമാണം, കൊല്ലപ്പണി, മരപ്പണി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ഉപജീവനമാർ​ഗങ്ങൾ വിപുലീകരിക്കാനായി അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബിഹാർ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ആർജെഡി നേതാവ് വ്യക്തമാക്കി.

മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി. മുകേഷ് സഹാനിയും ഞാനും ഒരുമിച്ച് പ്രചാരണം നടത്തുന്നുണ്ട്. കൂടാതെ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വരും. സഖ്യത്തിന്റെ പ്രകടനപത്രിക ചർച്ച ചെയ്യാൻ യോഗം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

أحدث أقدم