തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥ: മൂന്ന് തവണ മത്സരിച്ച് മാറി നിന്നവർക്ക് ഇളവ് നൽകി ലീഗ്

        

തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മലക്കം മറിഞ്ഞ് മുസ്ലിം ലീഗ്. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇത്തവണ ഇളവ് നല്‍കി. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവര്‍ക്ക് അനിവാര്യമാണെങ്കില്‍ മത്സരിക്കാം എന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സര്‍ക്കുലര്‍. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് മൂന്നു ടേം പൂര്‍ത്തിയായത് കൊണ്ട് കഴിഞ്ഞ തവണ ഒരു ടേം മാറി നിന്ന പ്രധാന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങള്‍ക്കും അനിവാര്യമാണെങ്കില്‍ അത്തരം നേതാക്കള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡ് കമ്മിറ്റികളുടെയും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ കമ്മിറ്റികളുടെയും നിയോജകമണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന നല്‍കാവുന്നതാണ്. എന്നാല്‍ മൂന്നിലധികം തവണ ജനപ്രതിനിധികളായവര്‍ക്ക് ഈ പരിഗണന ഉണ്ടാകില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരില്‍ മൂന്ന് തവണ മത്സരിച്ചവരുണ്ടെങ്കില്‍ അവര്‍ മാറിനില്‍ക്കണമെന്നായിരുന്നു ഈ സര്‍ക്കുലര്‍. ജില്ലാതലങ്ങളിലടക്കം ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ സര്‍ക്കുലറില്‍ നിന്നും തീരുമാനത്തില്‍ നിന്നും ലീഗ് മലക്കം മറിഞ്ഞു. സര്‍ക്കുലറിനെതിരെ ലീഗില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ലീഗിന്റെ പിന്മാറ്റം.

ഇളവ് നല്‍കുന്നത് യുവാക്കളുടെ അവസരം നഷ്ടമാക്കുമെന്നാണ് ഉയരുന്ന ആക്ഷേം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗിനെ തടഞ്ഞതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ പാര്‍ലമെന്ററി ബോര്‍ഡുകള്‍ രൂപീകരിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറുള്ളത്. ഈ ബോര്‍ഡിലേക്ക് യൂത്ത് ലീഗില്‍നിന്ന് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും ട്രഷറര്‍ ഇസ്മയില്‍ വയനാടിനെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. എംഎസ്എഫില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് മാത്രമാണ് ബോര്‍ഡിലുള്ളത്. ഇങ്ങനെ പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിലും ഒഴിവാക്കപ്പെടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിക്കുകയാണെന്നുമാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. ഇത് സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് പരാതി നല്‍കിയതായാണ് വിവരം.
أحدث أقدم