‘ആയിരം ഗംഗയിൽ മുങ്ങിയാലും പിണറായിയുടെ പാപക്കറ കഴുകികളയാൻ കഴിയില്ല; വാസവനെ പായസം കുടിക്കാനാണോ മന്ത്രിയാക്കിയത്

ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കുറുക്കന്റെ കൈയിൽ കോഴിയെ ഏൽപ്പിച്ചതുപോലെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

അന്വേഷണം എങ്ങനെ പോകണമെന്ന് തിരക്കഥ തയ്യാറാക്കി. ഉണ്ണികൃഷ്ണൻ പോറ്റി സ്ഥലത്ത് ഉണ്ടായിട്ടും കസ്റ്റഡിയിൽ എടുക്കാതിരുന്നത് ഇതിനാലാണ്. പോറ്റിയെ മൊഴി കൊടുക്കാൻ പഠിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. പോറ്റി മുഖ്യമന്ത്രിയെക്കാളും മന്ത്രി വാസവനെക്കാളും വിദഗ്ധനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്കും കടകംപള്ളിക്കും വാസവനും അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതുവരെ കണ്ട ഒരു പോറ്റി അല്ല ഉണ്ണികൃഷ്ണൻ പോറ്റി. അയാൾ അതിവിദഗ്ധനായ പോറ്റിയാണ്.ഭയങ്കര യോഗമാണ് മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്, യോഗ ദണ്ഡ് തന്നെ അദ്ദേഹം അടിച്ചുമാറ്റി. സ്വർണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് എൻ വാസുവും പത്മകുമാറും എഴുതിക്കൊടുക്കണമെങ്കിൽ കടകംപള്ളിക്ക് കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

വി എൻ വാസവനെ പായസം കുടിക്കാനാണോ മന്ത്രിയായി ഇരുത്തിയത്. പണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് പോയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ദേവസ്വം ഉദ്യോഗസ്ഥരെ മാത്രം ചോദ്യം ചെയ്യും. കൂടിവന്നാൽ പത്മകുമാറിലേക്ക് മാത്രമേ പോകൂവെന്നും സുരേന്ദ്രൻ ആരോപിച്ചു

أحدث أقدم