
തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജ് നാളെ തുറക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഏറെ നാളായി നിർമ്മാണത്തിലിരുന്ന ഗ്ലാസ് ബ്രിഡ്ജ് പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഇതോടെ തലസ്ഥാനത്തുള്ളവർക്ക് ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ ഇനി വയനാട്ടിലോ വാഗമണ്ണിലോ പോകണ്ട എന്നതാണ് സവിശേഷത. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ഒരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മുകളിൽ നിന്നാണ് ഗ്ലാസ് ബ്രിഡ്ജിന്റെ തുടക്കം. അതിമനോഹരമായ കാഴ്ചകളാണ് ഗ്ലാസ് ബ്രിഡ്ജിൽ നിന്ന് സന്ദർശകർക്ക് കാണാനാകുക. ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുമ്പോൾ സന്ദർശകർക്ക് താഴെ വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ടൂറിസ്റ്റ് വില്ലേജിലെ ബോട്ടിംഗ് ഏരിയയ്ക്കും സ്വിമ്മിംഗ് പൂളിനും മുകളിലൂടെ നടന്ന് കാഴ്ചകൾ കാണാം. ആക്കുളം കായലും ഇവിടെ നിന്നാൽ കാണാം.