കോട്ടയം: മണർകാട് മാലത്ത് ലോട്ടറി വിൽപ്പനക്കാരനടക്കം രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. വേളൂർ ഗ്രാമറ്റം ഭാഗം എണ്ണച്ചേരിൽ ബാലകൃഷ്ണൻ (90), മാലം പൂവത്താനിക്കൽ വിഷ്ണു (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. മാലം സ്‌കൂൾ ജംഗ്ഷനിൽ വച്ചാണ് ബാലകൃഷ്ണന് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 11.40 ഓടെയായിരുന്നു സംഭവം. ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന ബാലകൃഷ്ണനെ നായ കടിയ്ക്കുകയായിരുന്നു. കടിയേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ ആദ്യം മണർകാട് സെന്റ് മേരീസ് ആശുപത്രിയിലും പിന്നീട് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും എത്തിച്ചു. കാലിനാണ് ഇദ്ദേഹത്തിന് കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ 11 നാണ് ഇതേ സ്ഥലത്ത് വച്ച് വിഷ്ണുവിന് കടിയേറ്റത്. ഇദ്ദേഹത്തിന്റെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. വിഷ്ണുവിനെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.