
ഗുരുവായൂർ ക്ഷേത്രത്തിലെത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ഞായറാഴ്ച രാവിലെ 7.30-ഓടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
ശ്രീകൃഷ്ണ കോളേജ് മൈതാനത്താണ് ഹെലികോപ്റ്ററിൽ അദ്ദേഹം വന്നിറങ്ങിയത്. പിന്നീട് റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തിയ അംബാനിയെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു. തുടർന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി.
ആശുപത്രി നിർമ്മാണത്തിനായി 15 കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ദേവസ്വത്തിന്റെ നിർദ്ദിഷ്ട മൾട്ടിസ് സ്‌പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി. മനോജ് എന്നിവർ മുകേഷ് അംബാനിക്ക് സമർപ്പിച്ചു. ‘എന്ത് സഹായവും നൽകാം’ എന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.