ആദിവാസി യുവാവിനെ പട്ടിണിക്കിട്ട് മർദ്ദിച്ച സംഭവം… റിസോർട്ട് ഉടമയായ ഒന്നാം പ്രതി…


മുതലമടയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വെള്ളയ്യൻ എന്ന മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ പ്രഭു ഒടുവിൽ കീഴടങ്ങി. സംഭവത്തിന് ശേഷം ഒളിവിൽ പോയ റിസോർട്ട് ഉടമയായ ഇയാളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനുവാദമില്ലാതെ മദ്യം കഴിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ഫാം സ്റ്റേയുടെ പരിസരത്തുനിന്ന് തേങ്ങ പെറുക്കുന്നതിനിടെ അവിടെ കണ്ട മദ്യക്കുപ്പിയിൽനിന്ന് വെള്ളയ്യൻ മദ്യമെടുത്തു കഴിച്ചതിനാണ് ക്രൂരമായ ശിക്ഷ നൽകിയത്. ഫാം സ്റ്റേയിലെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് വെള്ളയ്യനെ മർദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയുമായിരുന്നു.

ആറു ദിവസത്തോളമാണ് വെള്ളയ്യനെ മുറിയിൽ അടച്ചിട്ടതെന്നും, ഈ ദിവസങ്ങളിൽ ഭക്ഷണമോ വെള്ളമോ നൽകാതെ ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെയാണ് പൂട്ടിയത്. പട്ടിണി കാരണം അവശനായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലമട പഞ്ചായത്ത് മെമ്പർ കൽപനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും വാതിൽ തകർത്ത് അകത്തുകയറിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഒളിവിൽപ്പോയ പ്രതി പ്രഭു ഇപ്പോൾ പൊലീസിൽ കീഴടങ്ങിയിരിക്കുകയാണ്

أحدث أقدم