സന്നിധാനത്തും പരിസരത്തുമായി 39,600 രൂപ പിഴ ഈടാക്കി..കടുപ്പിച്ച് എക്സൈസ്


ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്‍റെ നിരീക്ഷണത്തിൽ. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്‍റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്‍റെ സന്നിധാനത്തെ പ്രവര്‍ത്തനം.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യം. അതിന്‍റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

أحدث أقدم