കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ചുറ്റികയും കത്തിയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് ജാർഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. 35 വയസുകാരനായ രൂപേഷ് യാദവ് ഭാര്യയായ ജലോ ദേവിയെ (30) മക്കളുടെ മുന്നിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ മക്കളായ ഏഴ് വയസുകാരി റിദ്ധി റാണി, നാല് വയസ്സുള്ള മകൻ പിയൂഷ്, ഒന്നര വയസ്സുള്ള മകൾ എന്നിവർ അതേ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ചില പ്രശ്‌നങ്ങളെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ രൂപേഷ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അമ്മയുടെ നിലവിളി കേട്ട് മൂത്ത മകൾ റിദ്ധി ഉറക്കെ കരയാൻ തുടങ്ങി. ഇത് കേട്ട് സമീപത്ത് താമസിച്ചിരുന്ന രൂപേഷിന്റെ അമ്മ നുൻവ ദേവി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. വാതിൽ തുറന്നപ്പോൾ മുറി രക്തത്തിൽ കുളിച്ച നിലയിലും ജാലോ ദേവി മരിച്ച നിലയിലും കിടക്കുന്നതാണ് കണ്ടതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ത്രീയുടെ മൃതദേഹം ബൊക്കാറോ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.