
പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്‌ന ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശരീരത്തിൽ നീല നിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.
ഫാത്വിമ ഉള്‍പ്പെടെ ഏതാനും പേര്‍ നിന്നിരുന്ന ഭാഗത്ത് നിന്ന് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മാനിപുരം എ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്വിമ ഹുസ്‌ന.