‘തന്റെ മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമം നടത്തി’.. ഇപി യുടെ വെളിപ്പെടുത്തൽ…


മകനെ ബി ജെ പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്ന് ഇ പി ജയരാജൻ. ശ്രമം നടത്തിയത് ശോഭ സുരേന്ദ്രനാണെന്നും ആത്മകഥയിൽ ഇ പി ജയരാജൻ. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ആത്മകഥയിൽ ഇ പി ജയരാജൻ പറയുന്നു.

ഇപി ജയരാജന്റെ ആത്മകഥയിൽ സിപിഐഎം നേതൃത്വത്തിനെതിരെയും പരോക്ഷ വിമർശനമുണ്ട്. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്തതെന്നും ഇ പി ജയരാജൻ പറയുന്നു.ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം‌ ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

أحدث أقدم