എന്നോടു ചോദിക്കുന്നത് എന്തിന്?, കേസ് എടുക്കുകയാണെങ്കിൽ എടുക്ക്’..


ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോകട്ടെ. അതിന്റെ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം തനിക്ക് പറയാനുള്ളത് പറയാമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.

ഓഡിയോയും വാട്‌സ് ആപ്പ് ചാറ്റും നിങ്ങളുടേത് തന്നെയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഇതൊരു ശരിയായ മാധ്യമ രീതിയാണോ ?. നിങ്ങള്‍ എന്റേതാണെന്ന് പറഞ്ഞ് ഒരു വോയിസ് കൊടുക്കുന്നു. അതിനു മുമ്പ് എന്നെ വിളിച്ച്, ഇത്തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിലെ ശബ്ദം നിങ്ങളുടേതു തന്നെയാണോ എന്നു ചോദിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാം. അല്ലാതെ എന്റെ ചിത്രം അടക്കം വെച്ചു കൊടുത്തശേഷം അത് എന്റേതാണോ എന്നു ചോദിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല’. രാഹുല്‍ പറഞ്ഞു.

ശബ്ദരേഖ താങ്കളുടേതല്ലെങ്കില്‍ എന്തുകൊണ്ട് നിഷേധിക്കുന്നില്ല, നിയമനടപടി സ്വീകരിക്കുന്നില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ചൂടാകേണ്ട, വളരെ കൂളായിട്ട് പത്രസമ്മേളനം നടക്കുകയാണല്ലോ, ആ ടോണ്‍ മതി’യെന്ന് രാഹുല്‍ പറഞ്ഞു. ‘ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം ഒരു ഘട്ടം എത്തിക്കഴിയുമ്പോള്‍, എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ള കാര്യം അപ്പോള്‍ കൂട്ടിച്ചേര്‍ക്കും, നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം അപ്പോള്‍ വിനിയോഗിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ രാജ്യത്തെ നിയമത്തിന് എതിരായി ഈ നിമിഷം വരെ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Previous Post Next Post