യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ? എംഎൽഎ ഓഫീസ് പൂട്ടി പോയ രാഹുലിനെ…


യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിൽ പോയെന്ന് സൂചന. രാഹുലിന്റെ വിവരമൊന്നും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുലി​ന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്തിട്ടില്ലെന്ന് വിവരം. എംഎല്‍എയുടെ അനുയായികളുടെയും പേഴ്സണൽ സ്റ്റാഫി​ന്റെയും മൊബൈല്‍ നമ്പറുകൾ സ്വിച്ച് ഓഫ് ആണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ന് തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് സാദ്ധ്യത. കേസിന്റെ അന്വേഷണച്ചുമതലയുള്ള ക്രൈം ബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ ബോധിപ്പിച്ചുവെന്നാണ് വിവരം. യുവതി നേരിട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുകയും ചെയ്തതോടെയാണ് രാഹുലിന് കുരുക്ക് മുറുകുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി അഭിഭാഷകനുമായി എംഎല്‍എ ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനയുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ ബോധിപ്പിക്കുമെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വവും രാഹുലിനെ കൈവിട്ടുകഴിഞ്ഞു. പാര്‍ട്ടി എംഎല്‍എയ്ക്ക് ഒപ്പമില്ലെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചത്.

കുറ്റം ചെയ്തിട്ടില്ലെന്നുളള ബോദ്ധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുലിന്റെ പ്രതികരണം. അതേസമയം, രാഹുലിനെതിരെ പരാതി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്തുവന്നു. എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനാണ് രണ്ട് പാര്‍ട്ടികളുടേയും തീരുമാനം.

Previous Post Next Post