ഒരിടവേളക്ക് ശേഷം അമരമ്പലത്ത് വീണ്ടും കരടിയുടെ സാന്നിധ്യം


ചുള്ളിയോട് നാട്ടക്കല്ലില്‍ കൃഷിയിടത്തിലുണ്ടായിരുന്ന തേൻ പെട്ടികൾ നശിപ്പിച്ച് കരടി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ  വീണ്ടും കരടിയുടെ സാന്നിധ്യം കണ്ടെത്തുന്നത്.  ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കല്‍ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ കരടി നിരവധി തേന്‍പെട്ടികള്‍ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കരടി സ്ഥലത്തെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കരടി കൃഷിയിടത്തിലെത്തിയതും തേൻ പെട്ടികൾ തകർത്ത ശേഷം തേൻ ഭക്ഷിച്ചതും. 24ഓളം തേന്‍പെട്ടികളാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഹമ്മദ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ ഏക വരുമാന മാർഗമായിരുന്നു തേൻ ശേഖരണം. വിവരമറിഞ്ഞതിന് പിന്നാലെ ചക്കിക്കുഴി വനം വകുപ്പ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. ആവശ്യമായ നടപടികൾ ഉടൻ തന്നെ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് തേള്‍പ്പാറ, പുഞ്ച, പ്രദേശങ്ങളില്‍ കരടി ശല്യം രൂക്ഷമായത്. ഇവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കരടിയെ കൂടുവെച്ച് പിടികൂടാന്‍ നടപടി എടുക്കണമെന്നും. കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Previous Post Next Post